മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഹരിതകര്‍മസേനാംഗങ്ങള്‍


ഷൊര്‍ണൂര്‍: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഷൊര്‍ണൂരിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി.

വീട്ടില്‍നിന്ന് ലഭിച്ച മാലിന്യത്തില്‍ പണമടങ്ങിയ ബാഗമുണ്ടായിരുന്നു. ഇതുമായിപ്പോയ സംഘം പണമുണ്ടെന്ന് കണ്ടെത്തി മിനിറ്റുകള്‍ക്കകം തിരിച്ചേല്‍പ്പിച്ചു.

ചുഡുവാലത്തൂര്‍ സ്വദേശിയായ എന്‍.വി. വിനോദിന്റെ മകളുടെ ബാഗിലായിരുന്നു പണമുണ്ടായിരുന്നത്. ഹരിതകര്‍മ സേനാംഗങ്ങളായ ഉഷ, ശ്രീലത, മഞ്ജുഷ എന്നിവര്‍ ബാഗ് വിനോദിന്റെ ഭാര്യാമാതാവ് സരോജിനിയമ്മയെ ഏല്‍പ്പിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് സേനാംഗങ്ങളെ അഭിനന്ദിക്കാനെത്തിയത്. പി. മമ്മിക്കുട്ടി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ എം.കെ. ജയപ്രകാശ് എന്നിവര്‍ സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം പങ്കുവെച്ചു.

ആഴ്ചകള്‍ക്കുമുമ്പ് തൃക്കടീരിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണവള ഉടമയായ വീട്ടമ്മയ്ക്ക് തിരികെ നല്‍കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരാണെങ്കിലും മറ്റുള്ളവരുടെ സമ്പാദ്യം തങ്ങള്‍ക്കാവശ്യമില്ലെന്നാണിവര്‍ക്ക് പറയാനുള്ളത്.