എകരൂൽ – ഇയ്യാട് റോഡ് ന‌വീകരണം ; സർവത്ര ദുരിതം

ബാലുശ്ശേരി : എകരൂൽ അങ്ങാടിയിലെ കച്ചവടക്കാരും ഇയ്യാട് റൂട്ടിലെ യാത്രക്കാരും. സംസ്‌ഥാന പാതയും ഗ്രാമീണ പാതയും ചേരുന്ന ജംക്ഷനിൽ ഓവുചാൽ രണ്ടു തട്ടിലായതു കാരണം അങ്ങാടി വെള്ളപ്പൊക്ക ഭീഷണിയിലാണ്. എകരൂൽ ഇയ്യാട് റോഡിൽ നീളുന്ന നവീകരണ പ്രവർത്തനങ്ങൾ യാത്രക്കാരെയും വലയ്ക്കുന്നു. റെഡിമെയ്ഡ് കോൺക്രീറ്റ് പാളികൾ ഉപയോഗിച്ചാണ് സംസ്‌ഥാന പാതയിൽ ഓവുചാൽ നിർമിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഓവുചാൽ പരിഷ്കരിച്ചപ്പോൾ ആഴം കുറച്ച് സ്‌ഥാപിച്ചതാണ് അങ്ങാടിയിലെ വെള്ളക്കെട്ടിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ശക്ത‌മായ മഴ പെയ്ത‌ാൽ ദിവസങ്ങളോളം ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നു.

സംസ്ഥാന പാതയുടെ എതിർഭാഗത്തുള്ള ഇയ്യാട് റോഡിൽ മൂന്നര മാസം മുൻപാണ് നവീകരണം തുടങ്ങിയത്. കലുങ്ക് നിർമാണത്തിനായി കഴിഞ്ഞ മാസം 16ന് റോഡ് പൂർണമായി അടച്ചിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് തുറന്നു നൽകാമെന്നായിരുന്നു അധികൃതരുടെ വാക്കാലുള്ള ഉറപ്പെന്ന് നാട്ടുകാർ പറഞ്ഞു. ഒട്ടേറെ പ്രവൃത്തികൾ ബാക്കിയുള്ളതിനാൽ എന്ന് ഗതാഗതം പുനരാരംഭിക്കാനാകുമെന്നതിൽ ഒരു നിശ്ചയവും ഇല്ല. എകരൂൽ മുതൽ കാക്കൂർ വരെയുള്ള റോഡിന്റെ 2 കിലോമീറ്റർ ഭാഗം മാത്രം നവീകരിക്കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.*

*ബിഎം ആൻഡ് ബിസി ടാറിങ് നടത്തുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കുമായി 3.3 കോടി രൂപയാണ് അനുവദിച്ചത്. മറ്റു ഭാഗങ്ങളിൽ റോഡ് ശോച്യാവസ്ഥയിൽ തുടരുകയാണ്. പൊളിച്ചിട്ട നടപ്പാതയുടെ നിർമാണം പൂർത്തീകരിക്കാത്തതിനാൽ വള്ളിയോത്ത് അങ്ങാടിയിൽ കച്ചവടക്കാരും നാട്ടുകാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഇപ്പോൾ ഇയ്യാട്, വള്ളിയോത്ത് ഭാഗങ്ങളിൽ നിന്നുള്ളവർക്ക് എകരൂലുമായി ബന്ധപ്പെടാൻ ബസ് സർവീസുകൾ ഇല്ല. റോഡ് അടച്ചതിനാൽ ബസുകൾ ഇയ്യാട് വട്ടോളി ബസാർ റോഡിലൂടെയാണ് സർവീസ് നടത്തുന്നത്. അതിനാൽ ഈ മേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റോഡ് പൊളിച്ചിട്ടതിനാൽ വീടുകളിലേക്കും കടകളിലേക്കുമുള്ള പ്രവേശനവും തടസ്സപ്പെട്ടിരിക്കുകയാണ്. എകരൂൽ ജംക്‌ഷനിൽ ഓവുചാലുകൾ നിർമിക്കുന്നതിനും റോഡിനു വീതി ലഭിക്കുന്നതിനുമായി സ്വകാര്യ വ്യക്തികളുടെ സ്ഥ‌ലം സൗജന്യമായി ലഭിക്കുന്നതിനു വ്യാപാരികളും പൊതു പ്രവർത്തകരുമാണ് ഇടപെട്ടത്. പ്രതിസന്ധിയിലാകുമായിരുന്ന റോഡ് നവീകരണം അങ്ങനെയാണ് പുനരാരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍