പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍; അമ്മ കസ്റ്റഡിയില്‍
തിരുവനന്തപുരം പോത്തന്‍കോട് നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത–സജി ദമ്പതികളുടെ മകനായ 36 ദിവസം മാത്രം പ്രായമുള്ള ശ്രീദേവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ കുഞ്ഞിനെ കാണാതായിരുന്നു. മൂന്നരയോടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് മുകളിലായി ഒരു ടവ്വല്‍ കണ്ടെത്തി. തിരഞ്ഞ് ചെന്നതോടെ കിണറ്റില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സെത്തി പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിന്‍റെ ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയ്ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാത്രിയില്‍ കാണാതാവുകയായിരുന്നുവെന്നാണ് കുഞ്ഞിന്‍റെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതി. വീടിന്‍റെ പിന്‍വശത്തെ വാതില്‍ തുറന്നനിലയിലാണ് കണ്ടെത്തിയതെന്നും കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍