മൊബൈല്‍ കട ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; അച്ഛനും മകനും അറസ്റ്റില്‍
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ മൊബൈല്‍ കട ഉടമ ഉണ്ണികൃഷ്ണനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശികളായ യഹ്യ, മകന്‍ അന്‍സു എന്നിവരാണ് പിടിയിലായത്. പതിനാറര ലക്ഷം രൂപ കടം വാങ്ങിയത് തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് പൊറ്റമ്മലില്‍ നിന്ന് ഉണ്ണികൃഷ്ണനെ തട്ടിക്കൊണ്ടുപോകുന്നത്. അഞ്ച് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. കൂടുതല്‍ പേരുള്ളതായി പൊലീസിന് സംശയമുണ്ട്. ക്രൂരമായി മര്‍ദിച്ച് ബാലുശ്ശേരിയിൽ വഴിയരികിലാണ് ഉണ്ണികൃഷ്ണനെ ഉപേക്ഷിച്ചത്. പിന്നീട് സുഹൃത്തുകളെത്തി തിരിച്ചെത്തിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും ഫോണുകളും പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ബേപ്പൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ബിസിനസ് ആവശ്യത്തിനായാണ് പതിനാറര ലക്ഷം രൂപ ഉണ്ണികൃഷ്ണന്‍ കടം വാങ്ങിയിരുന്നത്. എന്നാല്‍ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്ന് പണം തിരികെ നല്‍കാനായിരുന്നില്ല. ഈ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോയുള്ള മര്‍ദനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍