ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറ്റം
മലപ്പുറം: തിരൂരിലെ അക്ഷയസെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കിയ സംഭവത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത് വിരലടയാളം, കണ്ണ് എന്നിവ പകര്‍ത്തിയതിലുള്ള ഗുണനിലവാരം പരിശോധിച്ചപ്പോള്‍. ജനുവരി 12-നാണ് തിരൂര്‍ ആലിങ്കലിലെ അക്ഷയ സെന്ററിലേക്ക് ഡല്‍ഹിയില്‍നിന്ന് യു.ഐ.ഡി. അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോണ്‍കോള്‍ വന്നത്.
അക്ഷയയിലെ ആധാര്‍ മെഷീന്‍ 10,000 എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയതിനാല്‍ വെരിഫിക്കേഷന്‍ ആവശ്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് 'എനിഡെസ്‌ക്' എന്ന സോഫ്റ്റ്വേര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇത് ചെയ്തതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായെന്നും പരിശോധനയുടെ ഭാഗമായി ഒരാളുടെ എന്റോള്‍മെന്റ് നടത്താന്‍ ആവശ്യപ്പെട്ടു.
ഇത് ചെയ്തതോടെ അഡ്മിനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ എല്ലാം ശരിയായെന്നും ജോലി തുടര്‍ന്നോളാനും പറഞ്ഞ് എനിഡെസ്‌ക് കണക്ഷന്‍ വിച്ഛേദിച്ചു. ഈ സമയത്തിനിടെ തിരൂരിലെ അക്ഷയ സെന്ററിലെ ആധാര്‍ മെഷീനിലേക്ക് തട്ടിപ്പുകാര്‍ ആവശ്യമുള്ള ഡേറ്റ കയറ്റിവിട്ടെന്നാണ് സംശയിക്കുന്നത്.
ഓരോ ആധാര്‍ എന്റോള്‍മെന്റും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. ഈ പരിശോധനയിലൂടെയെല്ലാം ഇവ കടന്നുപോവുകയും അന്തിമാംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 38 ആധാറുകളാണ് ഇത്തരത്തില്‍ സൃഷ്ടിച്ചെടുത്തത്.
ജനുവരി 25-ന് കാര്‍ഡുകളിലെ വിരലടയാളം, കണ്ണ് എന്നിവ പകര്‍ത്തിയതിലുള്ള ഗുണനിലവാരം പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. പരിശോധനയില്‍ ഇവ അപ്ലോഡ് ചെയ്തത് മലപ്പുറത്തെ ആധാര്‍ മെഷീനില്‍ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉള്‍പ്പെടെയുള്ള പകര്‍ത്തലുകളുടെ ലൊക്കേഷന്‍ പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണെന്ന് വ്യക്തമായി.
പശ്ചിമബംഗാളിലെ ലൊക്കേഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ്. തുടര്‍ന്ന് യു.ഐ.ഡി. അധികൃതര്‍ ജനുവരി 30-ന് കേരളത്തെ വിവരം അറിയിച്ചു. തിരൂര്‍ അക്ഷയ സെന്ററിലെ ആധാര്‍ മെഷീന്‍ മരവിപ്പിച്ചു. സംഭവത്തില്‍ അക്ഷയ സംരംഭകന്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍