വാഹനങ്ങളുമായി അഭ്യാസപ്രകടനം; അതിരുവിട്ട് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ആഘോഷം
പാലക്കാട്:വിദ്യാർഥികളുടെ അതിരുവിട്ട സെന്റ് ഓഫ് ആഘോഷത്തിന് തടയിട്ട് പൊലീസ്. വാടകയ്ക്ക് എടുത്ത ആഢംബര വാഹനങ്ങളുമായി ഭീതിപടർത്തി നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയതോടെ നാട്ടുകാരുടെ പരാതിയിൽ വേഷം മാറിയെത്തിയ പാലക്കാട് തൃത്താല പൊലീസ് വാഹന ഉടമകൾക്കെതിരെ കേസെടുത്തു. ഇതോടെ ആഘോഷത്തിനെത്തിയവർ ഉത്തരം ഏറ്റെടുക്കാതെ മുങ്ങി.
തൃത്താല പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരുടെ സെന്റ് ഓഫ് ആഘോഷത്തിനിടെയാണ് സംഭവം. ആഢംബര വാഹനങ്ങളുമായിട്ടായിരുന്നു വിദ്യാർഥികളുടെ റോഡ് ഷോ. റോഡിൽ അലക്ഷ്യമായി വാഹനമോടിച്ച് ഭീതി പടർത്തിയതോടെ നാട്ടുകാർ പലതവണ വിദ്യാർഥികൾക്ക് താക്കീത് നൽകിയിരുന്നു. ഇതു വകവെക്കാതെ അപകടകരമായി റോഡ് ഷോ തുടർന്നതോടെയാണ് നാട്ടുകാർ തൃത്താല പൊലീസിൽ വിവരമറിയിച്ചത്. വേഷം മാറിയെത്തിയ പൊലീസ് സംഘമാണ് വാഹനങ്ങൾ കയ്യോടെ പിടിച്ചെടുത്തത്. മൂന്ന് കാർ, ഒരു ജീപ്പ് എന്നിവയ്ക്ക് പുറമെ ബൈക്കുകളും പിടിച്ചെടുത്തു.
വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമകൾക്ക് എതിരെ കേസെടുത്തു. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് ബോധവൽക്കരണവും നൽകി. കഴിഞ്ഞ ദിവസം സമാന ആഘോഷത്തിനായി ചാലിശ്ശേരി സ്കൂളിലെ വിദ്യാർഥികൾ കൊണ്ടുവന്ന വാഹനം മതിലിടിച്ച് അപകടത്തിൽ പെട്ടിരുന്നു. വിദ്യാർഥികളുടെ ഇത്തരം നിയമവിരുദ്ധമായ അഭ്യാസപ്രകടനങ്ങൾ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മുൻകരുതലുകൾ ഉണ്ടാകണമെന്നും, സമാനമായ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന് സ്ക്കൂൾ അധികൃതരുമായി കൂടി ആലോചിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു ഷൊർണൂർ ഡിവൈഎസ്പി പി.സി ഹരിദാസന്റെ നിർദേശപ്രകാരം തൃത്താല ഇൻസ്പെക്ടർ വി.വി.വിമലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍