പ്രസവത്തിനിടെ യുവതി മരിച്ച കേസ്: നയാസിന്റെ ആദ്യ ഭാര്യ രണ്ടാംപ്രതി


തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ ഒന്നാം പ്രതി നയാസിന്‍റെ ആദ്യ ഭാര്യ റജീനയും പ്രതി. ഇവര്‍ ഒളിവിലാണെന്ന് പൊലീസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റവും, ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് റജീനക്കെതിരെ ചേര്‍ത്തിരിക്കുന്നത്. മരിച്ച ഷെമീറ ബീവിയുടെ പ്രസവമെടുക്കാന്‍ വീട്ടിലുണ്ടായിരുന്നത് റെജീനയും മകളുമായിരുന്നു. മകളെ പ്രതിചേര്‍ക്കുന്നതിനുള്ള സാധ്യത പൊലീസ് പരിശോധിച്ചുവരികയാണ്. ഒന്നാം പ്രതി നയാസിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ ഇന്നലെ അറസ്റ്റിലായ അക്യൂപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ധീനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍