ആശ്വാസ മഴ; സംസ്ഥാനത്ത് വേനല്‍ മഴ തുടരും; മാര്‍ച്ച് 28 വരെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടില്‍ നിന്ന് ആശ്വാസമായി കേരളത്തില്‍ വരും ദിവസങ്ങളിലും വേനല്‍ മഴ തുടരും. നാളെ (മാര്‍ച്ച് 25- 2024) അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യതയുള്ളത്. 

തുടര്‍ന്ന് മാര്‍ച്ച് 26 (ചൊവ്വ)നും, 27 (ബുധന്‍)നും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. 27ന് കൊല്ലത്തും മഴ മുന്നറിയിപ്പുണ്ട്. 

അതേസമയം ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്ക് പുറമെ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ കേരള-കര്‍ണാടകത- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍