മന്ത്രവാദത്തിലൂടെ വിശ്വാസം നേടി, കുടുംബത്തെ സമൂഹത്തിൽ നിന്നകറ്റി; വിജയന്റെ മൃതദേഹത്തോട് കൊടുംക്രൂരത


കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിജയനും കുടുംബത്തിനും നിതീഷിനെ മുമ്പുതന്നെ അടുത്ത പരിചയമുണ്ടായിരുന്നു. ഇരുകൂട്ടരും നഗരത്തിൽ താമസിക്കുന്നവരാണ്. എന്നാൽ, നിതീഷിന് ഈ കുടുംബത്തിൽ വലിയ സ്ഥാനവും വിശ്വാസവും കിട്ടാനുള്ള കാരണം മറ്റൊന്നാണ്. കുടുംബത്തിന്റെ അന്ധവിശ്വാസം. ദുർമന്ത്രവാദിയായ നിതീഷ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അവർ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.

ഒറ്റപ്പെടുത്തി

നിതീഷ് അടുത്തതോടെ കുടുംബം എല്ലാ തരത്തിലും സമൂഹത്തിൽനിന്ന് അകന്നു. ബന്ധുക്കളുമായുള്ള സ്നേഹബന്ധം ഇല്ലാതായി. വർഷങ്ങളായി ഇവർക്ക് ആരുമായും അടുപ്പമില്ല.

വിജയന്റെ മകൾക്ക് വർഷങ്ങൾക്ക് മുൻപ് കൈവേദന വന്നപ്പോൾ നിതീഷിന്റെ പൂജയിലൂടെ ഇത് മാറി എന്നാണ് കുടുംബം വിശ്വസിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. വിജയന്റെ മകനും മറ്റൊരു പ്രതിയുമായ വിഷ്ണുവിന് അത്ര വലിയ വിശ്വാസം ഇല്ലായിരുന്നു. എന്നാൽ, നിതീഷിന്റെ കൂടെക്കൂടി അന്ധവിശ്വാസങ്ങളിലേക്ക്് മാറിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നിതീഷുമായുള്ള കൂട്ട് അപകടമാണെന്ന്‌ ബന്ധുക്കളിൽ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വിജയനും കുടുംബവും അത് കാര്യമാക്കിയില്ല.

പിന്നീട് ഈ വീട് വിറ്റു. ഈ പണത്തിലെ വലിയ പങ്ക്, പൂജയ്ക്കെന്ന പേരിൽ നീതീഷ് വാങ്ങിയെടുത്തു. പലയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചു. എട്ടുമാസം മുൻപാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയും നിതീഷ് ദുർമന്ത്രവാദം നടത്തി.

ഇവിടെയും അയൽവാസികളുമായി ഒരു ബന്ധവുമില്ലായിരുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിൽ കുടിവെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വിഷ്ണു പോകുമായിരുന്നു. ആ വീട്ടുകാരോടും വിഷ്ണു അധികം മിണ്ടിയിട്ടില്ല. സ്ത്രീകൾ വീടിന് പുറത്ത് വരില്ലായിരുന്നു. ആകെ ദുരൂഹത നിറഞ്ഞ ജീവിതം.

പോലീസ് കണ്ടത്

മോഷണക്കേസിൽ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് പോലീസ് വാടകവീട്ടിലേക്ക് എത്തുന്നത്. കുടുസുമുറിയിൽ സ്ത്രീകളെ അടച്ചിട്ട നിലയിൽ കണ്ടെത്തി. സ്റ്റൗവും ഭക്ഷ്യവസ്തുക്കളും മുറിയിലുണ്ടായിരുന്നു. വീട്ടിൽ ചാക്കുകെട്ടുകളും വസ്ത്രങ്ങളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും ചിതറിക്കിടന്നു.

കറുത്ത പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു രണ്ട് മുറികൾ. ഇതിൽ കൂടുതലും പൂജാ വസ്തുക്കളും രൂപങ്ങളും പുസ്തകങ്ങളുമായിരുന്നു. വിജയനെ കൊന്ന് കുഴിച്ചുമൂടിയത് ഈ വീടിന്റെ തറയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍