ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ടു കാർ കിണറ്റിൽ വീണു, മൂന്നുപേരെയും രക്ഷിച്ചു.
ചാലക്കുടി: ഡ്രൈവിങ് പരിശീലനത്തിനിടയിൽ കിണറ്റിൽ വീണ കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പോട്ട കളരിക്കൽ സതീശൻ (55), ഭാര്യ ജിനി (45), സതീശന്റെ സുഹൃത്ത് ഷിബു (50) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കിണറ്റിൽ വീണ കാർ വെള്ളത്തിലേക്ക് താഴുന്നതിനിടെ പിൻഭാഗത്തെ ചില്ല് തകർത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ചാലക്കുടി പോട്ട സുന്ദരിക്കവലയിൽനിന്ന് പാറക്കൊട്ടിലിങ്കലിലേക്കുള്ള റോഡിലാണ് സംഭവം. വളവുതിരിക്കുന്നതിനിടയിൽ കാർ മതിൽ തകർത്ത് കിണറിന്റെ അരികുഭിത്തിയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. കിണറിന് 30 അടിയോളം താഴ്‌ചയുണ്ട്. അതിൽ എട്ട് അടിയോളം വെള്ളവും ഉണ്ടായിരുന്നു. രണ്ടാഴ്ചമുൻപാണ് കാർ വാങ്ങിയത്.
ചാലക്കുടി അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി. രമേശ്‌കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.എസ്. സന്തോഷ്‌കുമാർ, സാജൻ രാജ്, ഡ്രൈവർ ടി.എസ്. അജയൻ, ഹോം ഗാർഡുമാരായ സി.എസ്. വിനോദ്, കെ.എസ്. അശോകൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സേന എത്തുമ്പോൾ കാർ വെള്ളത്തിലേക്ക് സാവധാനം താഴ്‌ന്നുപോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. സേനാംഗങ്ങൾ ചില്ല് പൊട്ടിച്ചശേഷം ഉടൻതന്നെ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി. ഓരോരുത്തരെയായി പുറത്തെടുത്ത് വല ഉപയോഗിച്ചു മുകളിലേക്ക് കയറ്റി. മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. കാർ പുറത്തെടുത്തിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍