പേരാമ്പ്രയില്‍ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍...

 പേരാമ്പ്രയില്‍ ഇരുപത്തിയാറുകാരിയായ അനുവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മുട്ടിന് താഴെ മാത്രം വെള്ളമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനു അര്‍ധനഗ്നയായിരുന്നതും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് കുടുംബാഗങ്ങളുടെ ആവശ്യം. വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.  അല്ലിയോറയിലെ തോട്ടില്‍ നിന്ന് പുല്ലരിയാനെത്തിയവര്‍ മൃതദേഹം കണ്ടെത്തുന്നത് തൊട്ടടുത്ത ദിവസം രാവിലെ പതിനൊന്നോടെ. കുടുംബത്തിന്‍റെ സംശയങ്ങള്‍ ഇതാണ്. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ കാല്‍തെന്നി വീണാല്‍ പോലും മുങ്ങി മരിക്കില്ല. ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയ അനു പിന്നെയെങ്ങനെ വെള്ളത്തില്‍ മുങ്ങി മരിച്ചു. അനു ധരിച്ചിരുന്ന പാദസരവും മാലയുമടക്കം സ്വര്‍ണാഭരണങ്ങള്‍ എവിടെപ്പോയി.

കോഴിക്കോട് മെ‍ഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. മുങ്ങിമരണമാണെന്നും ശരീരത്തില്‍ ദുരൂഹത സംശയിക്കുംവിധത്തിലുള്ള മുറിവുകളോ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍