റേഷന്‍കാര്‍ഡ് മസ്റ്ററിങ്; കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാൻ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മുപ്പത്തിയൊന്നിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ല. ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിനുമുന്നിലെ വെല്ലുവിളി. റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിങും ഇ- പോസ് മെഷീന്‍ ഉപയോഗിച്ച് ഒരേസമയം സാധ്യമല്ല.

കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം ലഭിക്കണമെങ്കില്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്. മഞ്ഞ- പിങ്ക് കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇതിനായി മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ സമയം നല്‍കി. എന്നാല്‍ സെര്‍വര്‍ തകരാര്‍മൂലം മസ്റ്ററിങും റേഷന്‍വിതരണവും പലസമയങ്ങളിലും മുടങ്ങി. ഒരേസമയം റേഷന്‍വിതരണവും മസ്റ്ററിങും നടക്കാതിരുന്നതോടെ മസ്റ്ററിങിന് മാത്രമായി സമയം നല്‍കിയെങ്കിലും ഇ- പോസ് തകരാറിലായതോടെ പദ്ധതി പാളി. ഒരുകോടി അമ്പത്തിനാല് ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയത് ഇരുപത്തിരണ്ട് ലക്ഷത്തോളം ആളുകള്‍ മാത്രമാണ്.

നിലവില്‍ ഏറ്റവും അധികം ആളുകള്‍ മസ്റ്ററിങ് നടത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. കണ്ണൂരിലും തൃശൂരിലും മസ്റ്ററിങില്‍ മുന്നേറ്റമുണ്ട്. മറ്റ് ജില്ലകളിലെല്ലാം മൂന്നിലൊന്നുപോലുമായില്ല. വിവിധ കാരണങ്ങളാല്‍ പതിനാറായിരത്തോളം ആളുകളുടെ മസ്റ്ററിങ് തള്ളിപോയി. സാങ്കേതിക തകരാറിന്റെ പശ്ചാത്തലത്തില്‍ മസ്റ്ററിങ് പൂര്‍ണമായി നിര്‍ത്തിയതോടെ കേന്ദ്രം അനുവദിച്ച സമയത്തിനകം മസ്റ്ററിങ് നടത്താന്‍ സര്‍ക്കാരിന് കഴിയില്ല. മഞ്ഞ- പിങ്ക് കാര്‍ഡ് ഉടമകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരിയടക്കമുള്ള സാധനങ്ങളുടെ ലഭ്യതയില്‍ കുറവ് വരും. മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിക്കാറായ ഘട്ടത്തില്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍