പറഞ്ഞ് പറഞ്ഞ് ഒടുവിൽ മഴയെത്തി; 14 വരെ തകർത്ത് പെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച(മെയ് 12)യും മെയ് 13ന് പത്തനംതിട്ടയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ (സാധാരണയെക്കാൾ 2-3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
