ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും

ബാലുശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവർഷം കഠിനതടവും 6,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ബാലുശ്ശേരി പൂനത്ത് എളേങ്ങൾ വീട്ടിൽ മുഹമ്മദ് (49) ആണ് ശിക്ഷിക്കപ്പെട്ടത്. 2021-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവസമയം കുട്ടി വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈസമയം വീട്ടിലേക്കുവന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഭയന്ന കുട്ടി ഉടനെതന്നെ ഓടിപ്പോയി അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിച്ചു.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.