ബാലുശ്ശേരിയിൽ ടോറസ് ലോറിക്കടിയില്‍പ്പെട്ട് അപകടം; സ്‌കൂട്ടർ യാത്രക്കാരന്‍ രക്ഷപെട്ടത് തലനാരിഴക്ക്

ബാലുശ്ശേരി: ടോറസ് ലോറിക്കടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശേരി പറമ്പിന്‍ മുകളിലാണ് സംഭവം. താമരശ്ശേരി വെളിമണ്ണ പാലാട്ട് ഷാഹുല്‍ ഹമീദാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബാലുശ്ശേരി ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഷാഹുല്‍ ഹമീദ്. ഇതേ ഭാഗത്തുനിന്നും കല്ലുമായി പോകുകയായിരുന്ന ലോറി പറമ്പിൻമുകളിൽ വെച്ച് എരമംഗല റോഡിലേക്ക് തിരിക്കുമ്പോൾ സ്കൂ‌ട്ടർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ലോറി നിർത്തി.

ലോറി ഇടത്തേക്ക് തിരിയുന്നതിനിടെയാണ് സ്‌കൂട്ടർ ഇടിച്ചത്. സ്ക്കൂട്ടർ ലോറിയിലിടിച്ച വിവരം ലോറി ഡ്രൈവർ നടുവണ്ണൂർ സ്വദേശി സിറാജ് അറിഞ്ഞിരുന്നില്ല. ലോറി നിർത്തിയതിനാലാണ് ഷാഹുൽ ഹമീദ് രക്ഷപ്പെട്ടത്. മുൻ മദ്രസ അധ്യാപകനാണ് 37 കാരനായ ഷാഹുൽഹമീദ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ലോറി തിരിയുന്നത് കണ്ട് വേഗതയിൽ പോവുകയായിരുന്ന സ്കൂ‌ട്ടർ നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ലോറിയിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍