മോഷ്ടിക്കാനെത്തിയവന്റെ വിരലില്‍ കടിച്ച് വീട്ടമ്മ; കള്ളന്‍ ഇറങ്ങിയോടി

പെരുമ്പാവൂരില്‍ വീട്ടമ്മയുടെ കടിയേറ്റ് ഇറങ്ങിയോടിയ മോഷ്ടാവ് ഒടുവില്‍ പൊലീസിന്‍റെ പിടിയിലായി. കോതമംഗലം പുത്തന്‍പുരയ്ക്കല്‍ അബിന്‍ ടോമിയെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച മോഷണത്തിനിടെയാണ് വീട്ടമ്മ കള്ളനെ പല്ലുപയോഗിച്ച് ചെറുത്തത്. 
 

ചൊവാഴ്ച പുലര്‍ച്ചെ ഒന്നാംമൈലില്‍ കന്യാകോണില്‍ വീട്ടിലാണ് പ്രതി അബിന്‍ ടോമി മോഷ്ടിക്കാന്‍ കയറിയത്. അടുക്കള വാതിലിന്‍റെ കുറ്റിയിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. മൊബൈല്‍ വെട്ടത്തില്‍ വീടിന്‍റെ മുക്കും മൂലയും അരിച്ചുപെറുക്കി 3200രൂപ പോക്കറ്റിലാക്കി. കിടന്നുറങ്ങിയ വീട്ടമ്മയുടെ ആഭരണങ്ങള്‍ കവരാന്‍ തീരുമാനിച്ചതോടെ പണിപാളി. മൊബൈല്‍ വെട്ടം കണ്ണിലേക്ക് അടിച്ചതോടെ വീട്ടമ്മ ജയശ്രീ ഉണര്‍ന്നു. അലറി കരഞ്ഞതോടെ കള്ളന്‍ ഒരു കൈകൊണ്ട് ജയശ്രീയുടെ വാ പൊത്തിപിടിച്ചു. ഇതോടെയായിരുന്നു ജയശ്രീയുടെ അപ്രതീക്ഷിത ആക്രമണം.


സ്ഥിരം കുറ്റവാളിയായ പ്രതിയെ തിരിച്ചറിയാന്‍ പെരുമ്പാവൂര്‍ പൊലീസിന് വലിയതാമസമുണ്ടായില്ല. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നെല്ലിക്കുഴിയില്‍ അതിഥി തൊഴിലാളി ക്യാംപില്‍ നിന്ന് അതിസാഹസികമായാണ് അബിനെ പിടികൂടിയത്. പ്രതിയെ ജയശ്രീയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. 

ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ അബിന്‍ ടോമിക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ കത്തികാണിച്ച് ഒരു ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസിലും അബിന്‍ പ്രതിയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍