ബലിപെരുന്നാളിനെതിരെ പരാമര്‍ശം; സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ മാറ്റി
കോഴിക്കോട്:ബലിപെരുന്നാളിനെതിരേ സമൂഹ മാധ്യമ ഗ്രൂപ്പില്‍ പോസ്റ്റിട്ട സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. താമരശ്ശേരി ഏരിയയിലെ പുതുപ്പാടി ലോക്കല്‍ സെക്രട്ടറി എന്‍.പി. ഷൈജലിനെതിരേയാണ് നടപടി.
ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളുമുള്ള ‘നാട്ടുവാര്‍ത്ത’ എന്ന ഗ്രൂപ്പിലാണ് ഷൈജല്‍ വിവാദ പരാമര്‍ശം നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ബലിപെരുന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജല്‍ ബലിപെരുന്നാളിനെ വിമര്‍ശിച്ച് കുറിപ്പിട്ടത്.
ഷൈജലിനെതിരേ മുസ്ലിം ലീഗ് താമരശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശമാണ് ഷൈജല്‍ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി. മതസംഘടനകളും ഷൈജലിന്റെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തി. വിവാദമായതോടെ ഷൈജല്‍ ഖേദപ്രകടനം നടത്തിയിരുന്നു. മുസ്‌ലിം വിശ്വാസികളില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം മതപരമായ വിഷയത്തില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായി പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഷൈജലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ലോക്കല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചത്. താമരശേരി ഏരിയാ കമ്മിറ്റി അംഗം ടി.എ. മൊയ്തീന് ലോക്കൽ സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍