നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ സംഘർഷം

നാദാപുരം: ഗ്രാമപ്പഞ്ചായത്ത് വൈസ് 
പ്രസിഡന്റ് അഖില മര്യാട്ടിന്റെ രാജിആവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ രംഗത്തെത്തിയതോടെ നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംഘർഷം. യു.ഡി.എഫ്., എൽ.ഡി.എഫ്. അംഗങ്ങൾ തമ്മിൽ ഏറേസമയം വാക് തർക്കവും കൈയാങ്കളിയുമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഭരണസമിതി യോഗം ആരംഭിച്ചതോടെ വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ രംഗത്തുവന്നു. കറുത്ത ബാനർ ഉയർത്തി ഭരണസമിതി യോഗത്തിന്റെ നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ യു.ഡി.എഫ്.- എൽ.ഡി.എഫ്. അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിലെത്തി. ഏറെസമയം ഭരണസമിതി യോഗം സംഘർഷഭരിതമായി. ചെയറിന് മുമ്പിൽ ഉയർത്തിയ കറുത്ത ബാനർ ഇതിനിടയിൽ യു.ഡി.എഫ്. അംഗങ്ങൾ കീറിയെറിഞ്ഞു.

നാദാപുരം എസ്.ഐ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് സംഘർഷാവസ്ഥ ലഘൂകരിച്ചത്. പിന്നീട് എൽ.ഡി.എഫ്. അംഗങ്ങൾ പ്രവേശന കവാടത്തിൽ ധർണ നടത്തി.

സമരത്തിനിടയിൽ അജൻഡയിലെ മുഴുവൻ കാര്യങ്ങളും പൂർത്തിയാക്കി ഭരണസമിതി യോഗ നടപടികൾ അവസാനിപ്പിച്ചു.എൽ.ഡി.എഫിന്റെ ധർണ പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എ. ദിലീപ്കുമാർ അധ്യക്ഷനായി.

നിഷ മനോജ്, എ.കെ. ബിജിത്ത്, ടി. ലീന, റോഷ്‌ന പിലാക്കാട്ട്, സുനിത എടവലത്ത് കണ്ടിയിൽ,വി.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഭരണസമിതി യോഗത്തിലുണ്ടായത് അനാവശ്യംപ്രതിഷേധമാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.

കഴിഞ്ഞ ഭരണസമിതിയോഗത്തിലും തിങ്കളാഴ്ചത്തെ യോഗത്തിലും അജൻഡയിലില്ലാത്ത വിഷയമുന്നയിച്ചിട്ടും നിഷേധനിലപാടെടുത്തിട്ടില്ല. ചർച്ചയ്ക്ക് അനുവാദംനൽകിയ ശേഷം എല്ലാവരും അതിൽ പങ്കെടുത്തിട്ടുണ്ട്. എൽ.ഡി.എഫ്. അംഗങ്ങൾ ഉന്നയിച്ച കാര്യം പഞ്ചായത്ത് ചട്ടങ്ങൾക്ക് വിധേയമായി കൈകാര്യം ചെയ്യാമെന്ന് മറുപടി നൽകിയിട്ടുണ്ട്. ‌

എന്നാൽ നേരത്തെ തയ്യാറാക്കിയ ബാനർഉയർത്തി സംഘർഷമുണ്ടാക്കുന്ന തരത്തിൽ സി.പി.എം. അംഗങ്ങൾ പ്രവർത്തിച്ചത് ശരിയായില്ലെന്നും പ്രസിഡന്റ് പറഞ്ഞു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അശ്ലീലവീഡിയോ പ്രചരിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടൻ രാജിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം ഉയരുമെന്നും സി.പി.എം. ലോക്കൽ സെക്രട്ടറി കെ.പി. കുമാരൻ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ സി.പി.എം. അംഗങ്ങൾ നടത്തുന്ന സമരത്തെ ചെറുക്കുമെന്ന് നാദാപുരംപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ്, ജനറൽ സെക്രട്ടറി എടത്തിൽ നിസാർ എന്നിവർ പറഞ്ഞു. ഭരണത്തെപ്പറ്റിയോ വികസനത്തെപ്പറ്റിയോ എതിർത്ത് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് സി.പി.എം. അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോകുന്നത്.

സി.പി.എം.ആരോപിക്കുന്ന അശ്ലീല വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തമാക്കേണ്ടത് പോലീസാണെന്നും ഈ വിഷയത്തിൽ പ്രസിഡന്റിനെതിരെയുളള സമരം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കൾ പറഞ്ഞു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍