സിഗ്നൽ കേബിൾ മുറിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ

വടകര> വടകര പൂവ്വാടൻ ഗേറ്റിന്‌ സമീപം റെയിൽവേയുടെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേരെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ  മനോവർ അലി (37),  അബ്ബാസ് അലി (47) എന്നിവരെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ജില്ലാ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. വടകര പരവന്തല വാടകവീട്ടിൽ താമസിച്ച് ആക്രി കച്ചവടം ചെയ്യുന്നവരാണിവർ. മുറിച്ച 12 മീറ്ററോളം കേബിളുകൾ ഇവരിൽനിന്ന്‌ കണ്ടെടുത്തു. അബ്ബാസ് അലിയാണ് ആക്രി കച്ചവട ഉടമ. മനോവർ അലിയാണ് കേബിൾ മുറിച്ചത്. 

വെള്ളിയാഴ്ച രാവിലെ 5.30 നാണ്‌ വടകരക്കും മാഹിക്കും ഇടയിൽ  സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം റെയിൽവേക്ക്‌ ലഭിക്കുന്നത്. റെയിൽവേ കൺട്രോൾ റൂമിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അടിപ്പാത നിർമിക്കുന്ന പൂവാടൻ ഗെയിറ്റിൽ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റിയത്‌ കണ്ടത്. സമീപ പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട മനോവർ അലിയെ ചോദ്യംചെയ്തപ്പോൾ അഞ്ച് മീറ്ററോളം സിഗ്നൽ കേബിൾ ഇയാളിൽനിന്ന്‌ ലഭിച്ചു. നേരത്തെ മുറിച്ച ഏഴ്‌ മീറ്ററോളം  കേബിൾ പരവന്തലയിലെ ആക്രി കടയിൽ ആർപിഎഫ് പരിശോധിച്ച്‌ കണ്ടെത്തി. 

ഇരുവരേയും കസ്റ്റഡിയിലെടുത്ത്‌ അറസ്റ്റ് രേഖപ്പെടുത്തി. സിഗ്നൽ വിച്ഛേദിക്കപ്പെട്ടതോടെ മലബാർ എക്സ്പ്രസ് അടക്കമുള്ള പത്തോളം ട്രെയിനുകൾ  വിവിധ സ്റ്റേഷനുകളിലായി  മണിക്കൂറുകളോളം പിടിച്ചിടേണ്ടിവന്നു. കോഴിക്കോട് ആർപിഎഫ് ഇൻസ്‌പെക്ടർ  ഉപേന്ദ്രകുമാർ, വടകര ആർപിഎഫ് എസ്ഐ ടി എം ധന്യ, കോൺസ്റ്റബിൾമാരായ അബ്ദുൾ മജീദ്, സിരാജ് കെ മേനോൻ, കെ സജിത്ത്, മനോഹരൻ എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍