പൊറോട്ട അമിതമായി; കൊല്ലത്ത് അഞ്ചു പശുക്കൾ ചത്തു

കൊല്ലം> തീറ്റയോടൊപ്പം നൽകിയ പൊറോട്ട അമിതമായതിനെ തുടർന്ന് സ്വകാര്യഫാമിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറയിലുള്ള ഫാമിൽ ശനി വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഒമ്പതു പശുക്കൾ അവശനിലയിലാണ്. വെളിനല്ലൂർ സ്വദേശി ഹസ്‍ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. കാലിത്തീറ്റയ്ക്ക് വിലയേറിയതിനാൽ പൊറോട്ട, പയർ, ചക്ക, പുളിയരി തുടങ്ങിയവയാണ്‌ പശുക്കൾക്ക് തീറ്റയായി നൽകിയിരുന്നത്. 

പൊറോട്ട കഴിച്ച ഒരു പശു കുഴഞ്ഞുവീണതോടെ വിവരം വെളിനല്ലൂർ മൃഗാശുപത്രി അധികൃതരെ അറിയിച്ചു. മറ്റു പശുക്കളും കുഴഞ്ഞുവീണതോടെ വിവരം  കൊല്ലത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അറിയിച്ചെങ്കിലും ഡോക്ടർമാർ എത്തിയപ്പോഴേക്കും അഞ്ച് പശുക്കൾ ചത്തു. വെറ്ററിനറി സർജൻമാരായ ജി മനോജ്, കെ മാലിനി, എം ജെ സേതുലക്ഷ്മി എന്നിവരടങ്ങുന്ന എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടം നടത്തി. 

അവശനിലയിലായ പശുക്കളുടെ ചികിത്സയും ഏറ്റെടുത്തു. വയർ കമ്പനവും തുടർന്നുള്ള അമ്ലവിഷ ബാധയും നിർജലീകരണവുമാണ്‌ മരണകാരണമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.  20 വർഷമായി പ്രവർത്തിക്കുന്ന ഫാമിൽ മുപ്പത് പശുക്കളും രണ്ട് പോത്തും രണ്ട് കാളകളുമാണുണ്ടായിരുന്നത്‌. മന്ത്രി ജെ ചിഞ്ചുറാണി  ഫാം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍