കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ ;പുലർച്ചെ 2.45, ചൂണ്ടയിടുന്നതിനിടയിലാണത് കണ്ടത്';


 എലത്തൂർ: ചൂണ്ടയിടുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്. സമയം പുലർച്ചെ 2.45 ആയിക്കാണും. നീർനായയെന്നാണ് ആദ്യം കരുതിയത്. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ കൈയും തലയും വെള്ളത്തിനു മുകളിൽ കണ്ടതോടെ ഒന്നും ആലോചിക്കാതെ സുഹൃത്തുക്കളോടൊപ്പം വെള്ളത്തിലേക്ക് എടുത്തുചാടി. അപ്പോഴാണ്, അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്. വെള്ളത്തിൽ അവരെ പിടിച്ചുനിർത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അപ്പോൾ അവർക്ക് ബോധമുണ്ടായിരുന്നില്ല...’’-കനോലി കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ അദ്‌ഭുതകരമായി രക്ഷിച്ച എടക്കാട് സ്വദേശി ഡോൺ എഡ്വിന്റെ വാക്കുകൾ.

കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു, മൊകവൂർ സ്വദേശിയായ വീട്ടമ്മ. 25 മീറ്ററോളം ദൂരം ഇവർ വെള്ളത്തിലൂടെ ഒഴുകിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ കൈപ്പുറത്ത് പാലത്തിന് സമീപത്തുനിന്ന് ഇവർ കനാലിലേക്ക് എടുത്തുചാടിയതാകാമെന്നാണ് പോലീസ് നൽകുന്ന സൂചന.

സുഹൃത്തുക്കളായ ഡോൺ എഡ്വിൻ, വെസ്റ്റ്ഹിൽ കരിയാട്ടുംപൊയിൽ അതുൽ, കുമാരസ്വാമിയിലെ ചെറുവലത്ത് ഉമ്മാരത്ത് കൃഷ്ണദേവ് വീട്ടിൽ നിരഞ്ജൻ, എടക്കാട് കക്കാട്ടുപൊയിൽ അതുൽ എന്നിവർ കനാലിന്റെവശത്തിരുന്ന് മീൻ പിടിക്കുകയായിരുന്നു. ഇവരാണ് 2.56-ഓടെ പോലീസിനെ വിവരമറിയിക്കുന്നത്.


എ.എസ്.ഐ. ടി. സജീവന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാൾപ്പൊക്കത്തിൽ വെള്ളവുമുള്ള കനാലിൽനിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്. പോലീസ് വാഹനത്തിൽത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നൽകിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെയും ആംബുലൻസിന്റെയും സഹായത്തിന് കാത്തുനിൽക്കാതെയാണ് പോലീസ് നേരിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

ഓരോനിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും അതുകൊണ്ടാണ് മറ്റാരെയും കാത്തുനിൽക്കാത രക്ഷാദൗത്യത്തിനിറങ്ങിയതെന്നും എ.എസ്.ഐ. ടി. സജീവൻ പറഞ്ഞു. കാൽവരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരിൽനിന്ന് മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. എലത്തൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖ്, ഹോംഗാർഡ് മഹേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍