കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല, പരിശോധനാഫലം വൈകീട്ട്: ജില്ലാ കളക്ടര്‍

മലപ്പുറം: ചികിത്സയിലുള്ള 15കാരന് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്. പരിശോധനാ ഫലം വൈകീട്ട് ലഭിക്കും. മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വൈകീട്ട് കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് സംശയിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനമായി. ആരോഗ്യമന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡിഎംഒമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍