മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

താമരശ്ശേരി :അടിവാരത്ത് നിന്നും മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
അമ്പായത്തോട് സ്വദേശി കളായ മലയിൽ അൽഷാജ്(27),അറമുക്ക് മുഹമ്മദ് അനീഷ് (24), കൊടുവള്ളി വാവാട്  ജാബിർ (35), വാവാട് കണ്ണിപ്പൊയിൽ  നവാസ് (26) എന്നിവരെയാണ് താമരശേരി ഡി.വൈ.എസ്.പിയുടെ നിർദേശ പ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ സായൂജും സംഘവും അറസ്റ്റ് ചെയ്തത്.ഹർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവുമായി 15 അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.അൽഷാജിനെ കോട്ടക്കൽ നിന്നും മറ്റു ളളവരെ വയനാട് വൈത്തിരി യിൽ നിന്നുമാണ് പോലിസ് പിടികൂടി യത്.

സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി. ഹർഷാദിനെ തടവിലാക്കിയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലിസ് സംരക്ഷണം ആവശ്യപ്പെടുമെന്നും ഉമ്മ റഷീദ പറഞ്ഞു. 

ഹർഷാദിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ ഹർഷാദ് മുഖേന മറ്റൊരാൾക്ക് കൈമാറിയ പത്ത് ലക്ഷം രൂപനഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നില നിൽക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹർഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹർഷാദിനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്

താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന സ്വകാര്യ അറവ് മാലിന്യ ശാലയിലെ മിനി ലോറിയുൾപ്പെടെ ഉപയോഗിച്ച് കാർ വളഞ്ഞ ശേഷമാണ് ഹർഷാദിനെ ബലം പ്രയോഗിച്ച് ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോർട്ടുകളിലായി താമസിപ്പിച്ചു.

സംഘത്തിന് നഷ്‌ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്നുംകൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

പക്ഷെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ കൈ വിട്ടു പോയെന്ന് മനസിലാകിയാണ് ഹർഷാദിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാൻ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശേരി അമ്പയത്തോട് സ്വദേശി അൽഷാജ് പൊലീസിന്റെ പിടിയിലായി. ഹർഷാദിനെ വാഹനത്തിൽ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽനേരിട്ട്ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാല് പേർ.ഇനി ആറ് പേർ കൂടി പിടിയിലാവാൻ ഉണ്ട്.
അതേസമയം പണം ആവശ്യപ്പെട്ടാണ് ഹർഷാദിനെ ക്രൂരമായി മർദിച്ചതെന്ന് കുടുംബം ആരോപിച്ചു.