കാരുണ്യ യാത്ര നടത്തി
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൽ പെരുമ്പള്ളിയിൽ പീടിയേക്കൽ വീട്ടിൽ മുജീബുറഹ്മാൻ്റെ മകൻ അഫ്നാസിൻ്റെ ( 13 ) മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്കു വേണ്ടി 50 ലക്ഷം രൂപ സമാഹരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തവക്കൽ ബസ്സ് കാരുണ്യ യാത്ര സംഘടിപ്പിച്ചു മാതൃകയായി മാറിയത്. കോളിക്കൽ ആശാരികണ്ടിയിൽ ശ്രീധരൻ്റെയും മകൻ ശ്രീജിത്തിൻ്റെയും ഉടമസ്ഥതയിലുള്ളതാണ് ബസ്സ്. അടിവാരം, താമരശ്ശേരി, പൂനൂർ, നരിക്കുനി, പാലത്ത് വഴി കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിൻ്റെ ഒരു ദിവസത്തെ മുഴുവൻ കലക്ഷനും അഫ്നാസിൻ്റെ ശാസ്ത്രക്രിയാ ചെലവിലേക്കായി നൽകുമെന്ന് ബസ്സുടമകൾ പറഞ്ഞു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, പതിനൊന്നാം വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് തൻ്റെ വിഹിതം കണ്ടക്ടറെ ഏൽപിച്ചു കൊണ്ട് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു. കോളിക്കൽ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ബസ്സുടമകളായ ശ്രീധരൻ, ശ്രീജിത്ത്, ഡ്രൈവർ ഡിജിൽ , കണ്ടക്ടർ വാരിസ് , ക്ലീനർ അർജുൻ, അഷ്റഫ് അച്ചൂർ, പി.പി.അബ്ദുൽ ലത്തീഫ്, ജാഫർ കോളിക്കൽ,പി.പി.അബ്ദുസ്സലാം മാസ്റ്റർ, സതീശൻ വടക്കേ പറമ്പ്, ആസിഫ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍