പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്‌ക്കണം: സിപിഐ എം
ന്യൂഡൽഹി> പാർലമെന്റിൽ ചർച്ചയില്ലാതെ തിടുക്കപ്പെട്ട് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കരുതെന്നും മാറ്റിവയ്‌ക്കണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായി പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയാണ് കിരാത നിയമങ്ങൾ പാസാക്കിയത്.
രാജ്യദ്രോഹം സംബന്ധിച്ച ഐപിസി 124 എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചിരിക്കെ ഭാരതീയ ന്യായ് സംഹിതയുടെ 152ആം വകുപ്പിലൂടെ അത് ഒളിച്ചുകടത്തി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത തുടങ്ങിയ പരാമർശങ്ങൾ ഐപിസിയിൽ ഇല്ലെന്നിരിക്കേ അവ പുതിയ നിയമത്തിൽ കൂട്ടിച്ചേർത്തു. ഇത് ഒരേസമയം സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവും ആരെയും എളുപ്പത്തിൽ ദേശവിരുദ്ധരായി മുദ്രകുത്താൻ സഹായിക്കുന്നതുമാണ്. പൗരന്മാരെ ദോഷകരമായി ബാധിക്കുന്നവിധം പൊലീസിന് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമങ്ങളിലുള്ളത്. ഒരാളെ 15 ദിവസംവരെ മാത്രമേ റിമാൻഡ് ചെയ്യാൻ പഴയനിയമപ്രകാരം കഴിയുമായിരുന്നുവെന്നിരിക്കേ ഇപ്പോൾ ഇത് 90 ദിവസം വരെയാക്കി വർധിപ്പിച്ചു. പതിനഞ്ച് ദിവസംവരെ അന്വേഷണം നടത്തി മാത്രേമേ ഇനി എഫ്‌ഐആർ പോലും രജിസ്‌റ്റർ ചെയ്യൂ.
യുഎപിഎ നിയമം സംബന്ധിച്ച വ്യവസ്ഥകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് മാത്രമേ പഴയ നിയമപ്രകാരം അന്വേഷണം നടത്താൻ കഴിയുമായിരുന്നുവെങ്കിൽ ഈ അധികാരം കീഴുദ്യോസ്ഥന് നൽകി. സർക്കാർ നൽകേണ്ട പ്രോസിക്യൂഷൻ അനുമതി ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന് നൽകാമെന്നാണ് പുതിയ വ്യവസ്ഥ. കുറ്റം ചെയ്യുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമല്ലാതെ ഒരാളെയും ശിക്ഷിക്കരുതെന്ന തത്വം നിലനിൽക്കേ ജൂലൈ ഒന്നിന് മുമ്പ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകളിൽ പഴയനിയമവും ഒന്നിന് ശേഷമുള്ള എഫ്‌ഐആറുകളിൽ പുതിയ നിയമവുമാണ് ബാധകമാവുക. ഒരേസമയം രണ്ട് നിയമങ്ങൾ പ്രവർത്തിക്കുന്നത് തർക്കങ്ങൾക്ക് കാരണമാകുകയും അപ്പീലുകൾ അതിസങ്കീർണ്ണമാക്കുകയും കേസുകൾ കെട്ടിക്കിടക്കുന്നതിലേയ്‌ക്കും നയിക്കും.
അനിശ്ചിതത്വത്തിലേയ്‌ക്ക് നയിക്കുന്ന വ്യക്തതയില്ലാത്ത നിയമങ്ങൾ അംഗീകരിക്കാനാവില്ലന്ന് പ്രസ്‌താവനയിൽ പറഞ്ഞ കേന്ദ്രകമ്മിറ്റി, നിയമങ്ങൾക്കെതിരെ ബാർ അസോസിയേഷനുകളും പൗരസംഘടനകളും ഉയർത്തിയ നിലപാടിനൊപ്പം നിലകൊള്ളുന്നുവെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍