മുണ്ടക്കൈ ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. ദുരന്തത്തിൻ്റെ കൃത്യമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ദുരിതബാധിതരുടെ സമഗ്രമായ പുനരധിവാസം നമ്മുടെയെല്ലാം വലിയ ഉത്തരവാദിത്തമാണെന്നും സർക്കാറിനൊപ്പം എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത മേഖല സന്ദർ‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രതിസന്ധിയിൽ കേരള സർക്കാരിൻ‌റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സന്നദ്ധ സംഘടനകളുെട പ്രവർത്തനവും ഏറെ ആശ്വാസമാണെന്നും ഖലീൽ അൽ ബുഖാരി പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നത് എടുത്തുപറയേണ്ടതാണെന്ന് അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

കൂടാതെ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രിമാരായ എ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഖലീൽ ബുഖാരി കൂടിയാലോചന നടത്തി. കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മജീദ് കക്കാട്, കെ ഒ അഹ്‌മദ്കുട്ടി ബാഖവി, സെക്രട്ടറി എസ്. ശറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീർ സഅദി, ജനറൽസെക്രട്ടറി ലത്തീഫ് കാക്കവയൽ തുടങ്ങിയവരും ഖലീൽ അൽ ബുഖാരി ഒപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍