ഷിരൂരില്‍ തിരച്ചില്‍ തുടരുന്നു; അര്‍ജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി,കണ്ടെത്തിയത് ഹൈഡ്രോളിക് ജാക്കി, സ്ഥിരീകരിച്ച് ഉടമ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. അര്‍ജുന്‍ മാല്‍പെ പുഴയിലിറങ്ങി പരിശോധിക്കുകയാണ്. തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തി. ജാക്കി തന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു.

ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.

ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും പരിശോധനയുണ്ടാകുക. നാളെ എസ് ഡിആറ്‍ എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.