കനത്ത മഴയുമായി ലാ നിന വരുന്നു


തിരുവനന്തപുരം: മറ്റൊരു അതിതീവ്ര മഴ താങ്ങാൻ സാധിക്കാത്ത തരത്തിൽ കേരളം മാറിയിരിക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം മൂലം അതിതീവ്ര മഴ പെയ്യുന്നത് സംസ്ഥാനത്ത് മഴ കൂട്ടുന്ന ലാ നിന പ്രതിസന്ധി. 

അതിതീവ്ര മഴ കേരളത്തിന് പുതുമയില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഈ സമയത്താണ് മഴയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള ലാ നിന എത്തുന്നത്. ഈ പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ മൺസൂൺ മുൻ വർഷങ്ങളിലേക്കാൾ ശക്തിപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരം വാർത്തകൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂടുതൽ ഭീതിപ്പെടുത്തുന്നുമുണ്ട്.

ലാ നിന പ്രതിഭാസം മൂലം രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം മുമ്പ് വന്ന ഈ മുന്നറിയിപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ ഭയത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് കാരണമായത് അതിതീവ്ര മഴയായിരുന്നു എന്നതാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. കാലാവസ്ഥയിലുള്ള മാറ്റം മൂലം ഏറെ നേരമെടുത്ത് ശക്തമായ മഴ പെയ്യുന്നതിന് പകരം നിശ്ചിത സ്ഥലത്ത് കുറഞ്ഞ സമയത്ത് അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളുമാണ് സംഭവിക്കുന്നത്. രാജ്യത്തുടനീളം ഈ പ്രതിഭാസമുണ്ട്.

എന്താണ് ലാ നിന, എന്തുകൊണ്ട് പേടിക്കണം?

എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവർത്തനം. ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇന്ത്യയുടെ മൺസൂൺ കാലത്തിനെ കാര്യമായി സ്വാധീനിക്കുന്ന എൽ നിനോ മഴ പെയ്യുന്നത് കുത്തനെ കുറയുന്നതിന് കാരണമാകും. ഇതിന്റെ നേർ വിപരീതമാണ് ലാ നിന. എൽ നിനോ കൃത്യമായ ഇടവേളകളിൽ ആവർത്തിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ആവർത്തിക്കുന്നതിന്റെ ഇടവേള കുറയുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലാ നിനയ്ക്ക് ഇങ്ങനെ ഇടവേളകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല.


എൽ നിനോ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കനത്ത മഴ പെയ്യിക്കുമ്പോൾ മറ്റിടങ്ങളിൽ വരൾച്ച, കൊടുങ്കാറ്റ്, കാട്ടുതീ അങ്ങനെ പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത്. എൽ നിനോയുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ലാ നിന എന്ന് വേണമെങ്കിൽ പറയാം. ശൈത്യകാലത്ത് വേനൽകാലമെന്നപോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക, മഞ്ഞുവീഴ്ച അതിതീവ്രമാകുക അങ്ങനെ പല പ്രതിസന്ധികളാണ് ലാ നിന ഉണ്ടാക്കുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍