ബൈക്ക് യാത്രികനെ ഇടിച്ച് ബോണറ്റിന് മുകളിലേക്കിട്ടു, നി കാര്‍ ഓടിച്ചുപോയി; യുവാക്കള്‍ പിടിയില്‍;സംഭവം മുക്കത്ത്


മുക്കം: ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട് കാർ യാത്രികർ. ബോണറ്റിന് മുകളിൽ വീണ യുവാവിനെയും കൊണ്ട് കാർ വീണ്ടും മുന്നോട്ടു നീങ്ങി. മുക്കം അഭിലാഷ് ജംഗ്ഷനിലാണ് കഴിഞ്ഞദിവസം ഉച്ചയോടെ യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികൻ കാരശ്ശേരി ചോണാട് സ്വദേശി ഇബ്നു ഫിൻഷാദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന ഈങ്ങാപ്പുഴ സ്വദേശികളായ ഷാമിൽ, ജംഷീർ എന്നിവരെ മുക്കും പൊലീസ് അറസ്റ്റ് ചെയ്തു.

ഈങ്ങാപ്പുഴ സ്വദേശി ഷാമിൽ സുഹൃത്തായ ജംഷീറിനെ കാണാൻ മുക്കത്ത് എത്തിയതായിരുന്നു. അഭിലാഷ് ജംഗ്ഷനിൽ വെച്ച് കാർ യൂ ടേൺ എടുക്കുന്നതിനിടെ ഇബ്നു ഫിൻഷാദിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടയിൽ ജംഷീർ തന്നെ മർദിക്കുകയും ഷാമിൽ കാർ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നുവെന്ന് ഇബ്നു പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.കാറിൻ്റെ ബോണറ്റിന് മുകളിൽ വീണുപോയ ഇബ്‌നുവുമായി മീറ്ററുകളോളം കാർ ഓടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇബ്‌നു കാറിൽ നിന്ന് വീണയുടൻ സംഘം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍