വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ ഇന്ന് മേപ്പാടിയിൽ തുറന്നു.

മേപ്പാടി : വെള്ളാർമല സ്കൂളിലെയും മുണ്ടക്കൈ സ്കൂളിലെയും കുട്ടികൾ ഇന്ന് മേപ്പാടിയിലെത്തി. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അതിജീവനത്തിന്റെ ബെല്ലടിച്ചു. ദുരന്തമുഖത്തെ അതിജീവിച്ചവർ വീണ്ടും പഠനംതുടങ്ങി. മുണ്ടക്കൈ സ്കൂളിലെയും വെള്ളാർമല സ്കൂളിലെയും കളിചിരികൾ ഇനി മേപ്പാടിയിൽ നിറയും. ഉരുൾപൊട്ടലിൽ തകർന്നുപോയ വെള്ളാർമല ജി.വി.എച്ച്.എസ്.എസ്. മേപ്പാടി ജി.എച്ച്.എസ്.എസ്. കെട്ടിടത്തിലും മുണ്ടക്കൈ ഗവ. എൽ.പി. സ്കൂൾ മേപ്പാടി എ.പി.ജെ. അബ്ദുൽകലാം കമ്യൂണിറ്റി ഹാളിലും തുറന്നു.

കുട്ടികളെ ബുദ്ധിമുട്ടിക്കാത്തതരത്തിൽ എല്ലാസൗകര്യങ്ങളോടെയുമാണ് സ്കൂളുകൾ തുറന്നത്. ഒരേകെട്ടിടത്തിൽത്തന്നെയാണെങ്കിലും മേപ്പാടി ജി.എച്ച്.എസ്.എസും വെള്ളാർമല ജി.വി.എച്ച്.എസ്.എസും രണ്ട് സ്കൂളുകളായാണ് പ്രവർത്തിക്കുക. വെള്ളാർമല സ്കൂളിനായി സ്റ്റാഫ് മുറിയും ലാബും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

വെള്ളാർമല സ്കൂളിൽനിന്ന് ഒന്നുമുതൽ പ്ലസ്ടു ക്ലാസുവരെ 546 കുട്ടികളും, മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്ന് 61 കുട്ടികളുമാണ് മേപ്പാടി സ്കൂളിലെത്തിയത്. വെള്ളാർമല സ്കൂളിലെ 32 കുട്ടികളും മുണ്ടക്കൈ സ്കൂളിലെ 11 കുട്ടികളും ഇനി സ്കൂൾമുറ്റത്തെത്തില്ലെന്നതാണ് അവശേഷിക്കുന്ന സങ്കടം.

ചൂരൽമല ഭാഗത്തുനിന്നുള്ള വിദ്യാർഥികളെ മേപ്പാടിയിലെത്തിക്കാനായി രാവിലെയും വൈകീട്ടും മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ സൗജന്യമായി സർവീസുനടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍