പത്തനംതിട്ടയിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ ചെന്ന് പീഡിപ്പിച്ചതിന് 18 കാരനായ സഹപാഠി അറസ്റ്റിൽ
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി എ.അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിയുടെ കുറ്റസമ്മതത്തിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സഹപാഠി മൊഴിനൽകിയിരുന്നു.
ഇയാൾക്ക് 18 വയസും 6 മാസവും ആയെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും മൊഴി നൽകി. പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ കോടതിയിൽ ഹാജരാക്കും.
മരണപ്പെട്ട 17 കാരിയായ പെൺകുട്ടിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി പ്രതിയുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും അധ്യാപികയായി കാണാനുള്ള അമ്മയുടെ ആഗ്രഹം സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.
പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തി വിശദമായ അന്വേഷണം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍