പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

പാലക്കാട്: വാണിയംകുളം ത്രാങ്ങാലിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും 63 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി. മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നത്.

ബാലകൃഷ്ണന്‍ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. 

ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍