ഗര്‍ഭിണിയെ അസഭ്യം പറ‍ഞ്ഞു; ഇടപെട്ട് ഭര്‍ത്താവ്; വാക്കേറ്റം; കത്രിക കുത്ത്

ആശുപത്രിയിൽ രോഗിയുടെ ഭർത്താവിനെ 
കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിയായ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ലിജു സി മാത്യുവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ അസഭ്യം പറ‍ഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ പ്രതി കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.  

വർക്കല താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ചികിത്സയ്ക്കെത്തിയ ഗർഭിണിയായ ഭാര്യയെ, പ്രതി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വാക്ക് തർക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. വാക്ക് തർക്കത്തിനിടെ പ്രകോപിതനായ പ്രതി, നഗരൂർ സ്വദേശി അക്ബർ ഷായെ കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

കൈക്ക് പരിക്കേറ്റ് സുഹൃത്തുക്കൾക്കൊപ്പം ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായിരുന്നു പ്രതി ലിജു. അക്രമത്തിൽ ഗുരുതരമായി പരിക്കറ്റ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. നെഞ്ചിലേറ്റ മുറിവിൽ ശ്വാസകോശത്തിന് ക്ഷതം ഏറ്റു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തിയ വർക്കല പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍