15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇവി കാറുകള്‍ക്ക് 8% നികുതി (നിലവില്‍ 5%)യും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10% നികുതി ( നിലവില്‍ 5%)യുമാകും ഇനി നല്‍കേണ്ടി വരിക.ഇതരസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിരക്ക് 2500 രൂപയാക്കി. ബെര്‍ത്തുകള്‍ക്ക് 4000 രൂപയുമാക്കി. സര്‍ക്കാരിന് 15 കോടി രൂപ അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോടതി ഫീസ് വര്‍ധനയിലൂടെ 150 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ഭൂനികുതിയും 50 ശതമാനം വര്‍ധിപ്പിച്ചു,ഇതുവഴി 100 കോടി രൂപ അധികമായി പൊതുഖജനാവിലെത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു.
എല്ലാ സ്ലാബിലും 50 ശതമാനം വര്‍ധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്‍റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായി വര്‍ധിച്ചു. ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും മാറും. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും അതിന്‍റെ വരുമാന സാധ്യതകളും പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും അത് വച്ച് നോക്കുമ്പോള്‍ നിലവില്‍ ഈടാക്കുന്ന ഭൂനികുതി നാമമാത്രമാണെന്നുമാണ് ബജറ്റിലെ വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍