പൂട്ടിയ മദ്യക്കട തുറക്കണം; ഗ്രാമവാസികളുടെ സമരം, കടകള്‍ അടച്ചിട്ടു

ചെന്നൈ: പൂട്ടിയ മദ്യക്കട വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തി ഗ്രാമവാസികള്‍. തഞ്ചാവൂര്‍ ജില്ലയിലെ പെരുമഗലൂര്‍ പഞ്ചായത്തിലാണ് സമരം നടത്തിയത്. ഇവിടെയുണ്ടായിരുന്ന ടാസ്മാക് മദ്യക്കട പൂട്ടിയതോടെ മദ്യം വാങ്ങാന്‍ 15 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുന്നുവെന്ന് ഉന്നയിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി രംഗത്തെത്തിയത്. മദ്യപിച്ചതിന് ശേഷം ഇരുചക്രവാഹനങ്ങളില്‍ തിരിച്ചു വരുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും സമരക്കാര്‍ പറഞ്ഞു.

പെരുമഗലൂരിന് ഏറ്റവും അടുത്ത് മദ്യക്കടയുള്ളത് പുതുക്കോട്ട ജില്ലയിലെ തിരുവപാടി ഗ്രാമത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തില്‍ ഇവിടെയെത്തി മദ്യപിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം ഉണ്ടായി പലരും മരിച്ചിട്ടുണ്ട്. ഇതാണ് മദ്യക്കട വീണ്ടും തുറക്കണമെന്ന ആവശ്യം വീണ്ടും ഉയരാനുള്ള കാരണം.

നാട്ടുകാരുടെ സമരത്തിന് ഐക്യദ്ധാര്‍ഢ്യം പ്രഖ്യാപിച്ച വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. മദ്യക്കടയില്ലാത്തതിനാല്‍ കടകളില്‍ വ്യാപാരം കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ദിവസക്കൂലിക്കാര്‍ ജോലി കഴിഞ്ഞ് വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് പോലും തയ്യാറാകാതെ മദ്യം വാങ്ങാന്‍ തിരുവപാടിയിലേക്ക് പോകുകയാണ്. യാത്ര ചെലവ് അടക്കം മദ്യത്തിന് കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാല്‍ എത്രയും വേഗം ടാസ്മാക് മദ്യക്കട വീണ്ടും തുറക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍