മേയ് ഒന്ന്; ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ദിനം. ലോക തൊഴിലാളി വർഗത്തിന്റെ അഭിമാന ദിനം. ലോക തൊഴിലാളി ദിനമായി മേയ് ഒന്ന് ആചരിക്കപ്പെട്ടു തുടങ്ങിയത് 1890 മുതലാണ്. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനം. തൊഴിലാളികൾ കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്ന അക്കാലത്ത് എട്ടുമണിക്കൂർ ജോലി സമയം എന്ന ആവശ്യവുമായി സമരം ചെയ്‌തവരെ പൊലീസ് ക്രൂരമായി വെടിവച്ചു. ഒരുപാടുപേർക്കു ജീവൻ നഷ്‌ടമായി.

ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും മറ്റും നിയമസഭാംഗങ്ങളും സാമൂഹിക പ്രവർത്തകരും തൊഴിൽനീതിക്കുവേണ്ടി ശബ്‌ദമുയർത്തി. അങ്ങനെ സംഘടനാവകാശത്തിനും ജോലിസമയം എട്ടു മണിക്കൂറാക്കുന്നതിനും നിയമം വന്നു. രാത്രിയിൽ സ്‌ത്രീകൾ ജോലി ചെയ്യേണ്ടെന്നും തീരുമാനമായി.

"1875-ലാണ് ഇന്ത്യയിൽ ഒരു ഫാക്‌ടറി കമ്മിഷൻ വന്നത്. വക്കീൽ വേലയും അധ്യാപനവും മാനസികമായ തൊഴിലുകളാണെങ്കിൽ ഫാക്‌ടറികളിലേതു കായികമാണ്. 1889ൽ പാരിസിൽ കൂടിയ രാജ്യാന്തര സോഷ്യലിസ്‌റ്റ് കോൺഗ്രസാണ് മേയ് ഒന്ന് ലോക തൊഴിലാളിദിനമായി ആചരിക്കണമെന്നും അന്ന് അവധിയായിരിക്കണമെന്നും നിർദേശിച്ചത്.

1894 മുതൽ അമേരിക്കയിലും കാനഡയിലും സെപ്‌റ്റംബർ മാസത്തെ ആദ്യ തിങ്കളാഴ്‌ചയാണ് ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നത്. ഇന്ന് ലോകത്തിലെ എൺപതിലേറെ രാജ്യങ്ങളിൽ മേയ് ദിനം അവധിയാണ്. മേയ് ദിന റാലികളും മറ്റു പരിപാടികളും ലോകമെങ്ങും നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍