കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ; പൊലീസ് പരിശോധന നടത്തുന്നു

തൃശൂർ കടലിൽ നിന്ന് കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്താണ് സംഭവം.
മത്സ്യത്തൊഴിലാളികൾക്ക് കരയ്ക്കടിഞ്ഞ് കിട്ടിയ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകൾ കണ്ടെത്തി. മുനയ്ക്കകടവ് തീരദേശ പൊലീസ് എത്തി പരിശോധന നടത്തി.

മെഷീൻ ഗണ്ണിന്റെ ബുള്ളറ്റുകളും ബെൽറ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ് കണ്ടെത്തിയത്. കടലിൽ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയിൽ 500 ൽ അധികം മെറ്റൽ ലിങ്കുകൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളികൾക്ക് തീരത്തു നിന്ന് നിന്ന് ഇരുമ്പ് പെട്ടി കിട്ടിയത്.

അതേസമയം, അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ തീരത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത് കാലിയാണ്. ശക്തികുളങ്ങരയിൽ മൂന്നും അടിഞ്ഞിട്ടുണ്ട്. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല.

കണ്ടയിനറുകളിൽ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളിൽ ചിലർ ഒഴുകി വരുന്ന കണ്ടയിനറുകൾ കണ്ടെന്നും അത് വീഡിയോയിൽ പകർത്തി എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍