മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് മെംബർഷിപ്പ് കാംപയിനിന്റെ ഭാഗമായി ശാഖ മുതൽ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടത്തിയ മെംബർഷിപ്പ് കാംപയിനിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പർക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന് ശാഖാ കമ്മിറ്റികൾ നേതൃത്വം നൽകിയത്.
യൂത്ത് ലീഗിന്റെ ആശയാദർശങ്ങളോട് ചേർന്ന് നിൽക്കുന്നവർക്ക് മെംബർഷിപ്പ് നൽകുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്.
അംഗത്വ വിതരണം പൂർത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും 25 മുതൽ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി ഒന്ന് മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫെബ്രുവരി ഒന്ന് തീയതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
മെംബർഷിപ്പ് കാംപയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 25ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂർ ശാഖയിൽ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍