സംസ്ഥാനത്ത് മഴ ഇന്നും തുടരും; മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത..
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്. അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂര്‍, കുട്ടനാട്, ചേര്‍ത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍