സപ്ലൈകോയുടെ ഓണം മെഗാ ഫെയർ ; ആഗസ്ത് 25 മുതൽ ആരംഭിക്കും

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി ജി ആർ അനിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .

സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.

കൂടാതെ വിപണിയിടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കുമെന്നും അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉൾപ്രദേശങ്ങളിലടക്കം എത്തിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. അതോടൊപ്പം AAYകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകും ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യുക.
സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്നേച്ചർ മാർട്ടിന്റെ ലക്ഷ്യം.

ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500/- രൂപയിലധികം സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു lucky draw നടത്തും. ഒരു പവൻ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍