താമരശ്ശേരി ചുരത്തിൽനിന്ന് ചാടിയയാളെ കണ്ടെത്താനായില്ല.


താമരശ്ശേരി: ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വാഹനപരിശോധനയ്ക്കിടെ വൈത്തിരി പോലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തുചാടി രക്ഷപ്പെട്ടു. ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തി.

മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30)ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍നിന്ന് ചാടിരക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രതാനിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി വാഹനത്തിന് കൈകാണിച്ച് റോഡരികിലേക്ക് ഒതുക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കാര്‍ പരിശോധിക്കാനൊരുങ്ങവെ കാറിലുണ്ടായിരുന്ന ഷഫീഖ് പെട്ടെന്ന് ഇറങ്ങിയോടി, വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തില്‍ എടുത്തുചാടി.

വീണിടത്തുനിന്ന് എഴുന്നേറ്റ് വനഭാഗത്തിനുള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാപ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്പറ്റ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തി. ചാടിയ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപംവരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടില്ല. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഷഫീഖിന്റെ പേരില്‍ ലഹരിക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍