മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മൺസൂൺ മഴ വ്യാപകം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ (7-20 സെന്റീമീറ്റർ) രേഖപ്പെടുത്തി. ഹിമാചൽ പ്രദേശ്, തെക്കൻ ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, ഛത്തീസ്ഗഡ്, പടിഞ്ഞാറൻ മധ്യപ്രദേശ്, കേരളം, തീരദേശ കർണാടക, ഗംഗാതീരങ്ങൾ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ (7-11 സെന്റീമീറ്റർ) രേഖപ്പെടുത്തി.
തമിഴ്നാട്, കേരളം, കർണാടകയുടെ ഉൾഭാഗം, തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, റായലസീമ, കിഴക്കൻ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യ മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തു. മൺസൂൺ പാത്തി ശരാശരി സമുദ്രനിരപ്പിൽ സാധാരണ നിലയിലേക്ക് എത്തുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജാർഖണ്ഡിലും പരിസരപ്രദേശങ്ങളിലും നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ തോത് കുറഞ്ഞു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍