യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷിച്ചെത്തിയ പോലീസുകാരുടെ തലയ്ക്കടിച്ചു, കൈയിൽകടിച്ചു


വടകര: ഓട്ടോ യാത്രയ്ക്കിടെ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ വടകര പോലീസിനുനേരെ കണ്ണൂര്‍ ചമ്പാട് യുവാവിന്റെ അക്രമം. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റുചെയ്തു. ചമ്പാട്ടെ പറമ്പത്ത് സജീഷ് കുമാറിനെ (40) ആണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വില്ല്യാപ്പള്ളി സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആശുപത്രിയിലേക്ക് പോകാനായി ബുധനാഴ്ച രാവിലെ വില്ല്യാപ്പള്ളിയില്‍നിന്ന് യുവതിയും കുട്ടിയും ഇയാളുടെ ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. എന്നാല്‍ ഓട്ടോറിക്ഷ വടകരയിലേക്ക് വരാതെ ഊടുവഴിയിലൂടെ പോവുകയും യുവതി ബഹളം വെച്ചപ്പോള്‍ കൈയില്‍ക്കയറി പിടിക്കുകയും ചെയ്തു. പിന്നാലെ ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു. യുവതി ഓട്ടോറിക്ഷയുടെ നമ്പര്‍ നോക്കിവെച്ചിരുന്നു. ഇതുപ്രകാരം പോലീസില്‍ പരാതി നല്‍കി.

വണ്ടി നമ്പര്‍ നോക്കി ആളെ മനസിലാക്കിയ പോലീസ് രാത്രി 11 മണിയോടെ ഇയാളെത്തേടി ചമ്പാട്ടെ വീട്ടിലെത്തിയപ്പോഴാണ് പോലീസിനുനേരെ അക്രമം അഴിച്ചുവിട്ടത്. എസ്‌ഐ എം.കെ.രഞ്ജിത്തിന്റെ തലയ്ക്കടിച്ചു. കണ്ണിനു താഴെ പരിക്കുണ്ട്. എഎസ്‌ഐ ഗണേശന്റെ കൈ കടിച്ചുമുറിച്ചു. ഇവര്‍ രണ്ടുപേരും വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കി പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ അക്രമിച്ചതിനും യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍