വ്യാജമദ്യ ദുരന്തം:കുവൈത്തിൽ 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ


കുവൈത്ത് സിറ്റി:
വ്യാജമദ്യദുരന്തത്തെത്തുടർന്ന് ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അൽ അഹമദി ഗവണറേറ്റിലെ വിവിധയിടങ്ങളിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇവരിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതുവരെ പത്തുപേർ മരിച്ചുവെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ ഏറെയും പ്രവാസികളാണ്.

കുവൈത്തിൽ പലയിടങ്ങളിലായി ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവം എന്ന് അന്വേഷിച്ചതോടെയാണ് വ്യാജമദ്യദുരന്തമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് വ്യക്തമായത്. ജലീബ് ബ്ലോക്ക് ഫോറിൽ ഉണ്ടാക്കിയ മദ്യം ഇവർ വാങ്ങിക്കഴിച്ചിരുന്നുവെന്നാണ് വിവരം. ഈ മദ്യത്തിൽ വിഷം കലർന്നിട്ടുണ്ടെന്നാണ് സൂചന.

പലയിടങ്ങളിലുള്ള ലേബർ ക്യാമ്പിൽനിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. നിലവിൽ പതിനഞ്ചോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തുപേരാണ് മരിച്ചത്. ഇവർ എല്ലാവരും പ്രവാസികളാണ്. അതേസമയം, എവിടെനിന്നുള്ളവരാണ് മരിച്ചവർ എന്നകാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

വ്യാജമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ചിലരുടെ കിഡ്നിയ്ക്ക് പ്രശ്നമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍