നിമിഷപ്രിയയുടെ മോചനം: അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യമൻ പൗരൻ തലാൽ അബു മഹ്‌ദി കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട്‌ യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി. വധശിക്ഷ മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.

കോടതിയില്‍ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജി എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.


നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. കാന്തപുരത്തിന്റെ അഭ്യർഥനപ്രകാരം യമനിലെ സൂഫി പണ്ഡിതനായ ശൈഖ്‌ അബീബ്‌ ഉമർബ്‌നു ഹഫീസുമായി നടത്തിയ ചർച്ചയിലാണ്‌ വധശിക്ഷ നീട്ടിയത്‌. കേസിൽ ഇനിയും പുരോഗതി ഉണ്ടാകേണ്ടതുണ്ട്.


പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍