ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ.

ഫറോക്ക്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി പ്രസൻജിത്ത് ഇന്നലെയാണ് കൈവിലങ്ങുകൾ സഹിതം പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഫറോക്ക് സ്കൂളിന് സമീപത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയുമായി നാടുവിട്ട പ്രതിയെയും പെൺകുട്ടിയെയും ബംഗളൂരുവിൽ കണ്ടെത്തി ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതിയെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തി.

ഇതിനിടെയാണ്, ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായത്. സെല്ലിൽ അടക്കാതെ പുറത്തുനിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍