ഇനിയും ഉറവിടം വ്യക്തമായില്ല;കിണർ വെള്ളത്തിൽമാത്രം കുളിപ്പിച്ച കുഞ്ഞിനും അമീബിക് മസ്തിഷ്കജ്വരം?


കോഴിക്കോട്: മൂന്നുപേർക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ ഒരാൾ മരിക്കുകയും ചെയ്തിട്ടും അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം അവ്യക്തമായി തുടരുന്നു.

മരിച്ച താമരശ്ശേരി സ്വദേശിയായ ഒൻപതുവയസ്സുകാരി വീടിന് സമീപത്തെ കുളത്തിൽ കുളിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഈ സ്ഥലത്തെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അന്നശ്ശേരി സ്വദേശിയായ നാല്പതുകാരനും പനി ബാധിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപ് കുളത്തിൽ കുളിച്ചതായി പറയുന്നു.

എന്നാൽ, ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കിണറ്റിൽനിന്നുള്ള വെള്ളത്തിൽമാത്രമാണ് കുളിപ്പിച്ചിരിക്കുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഈ സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടസാധ്യതകൾ ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഇതുവരെ വ്യക്തമായ കാരണം കണ്ടെത്താനായിട്ടില്ല.

കോരങ്ങാട് ജിഎൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ അനയ അമീബിക് മസ്തികജ്വരം ബാധിച്ച് മരിച്ച സാഹചര്യത്തിൽ ജാഗ്രത തുടരാൻ ആരോഗ്യവകുപ്പ്. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ്‌ അനയക്കൊപ്പം വീടിനുസമീപത്തെ കുളത്തിൽ കുളിച്ച മറ്റു കുട്ടികളുടെ ആരോഗ്യാവസ്ഥയും നിരീക്ഷിക്കും.

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഒരുമാസത്തനിടെ ജില്ലയിൽ മൂന്ന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തെ ഗൗരവമായി കാണണമെന്ന് ആരോഗ്യവകുപ്പധികൃതർ. ജനങ്ങൾ ജാഗ്രതാനിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അറിയിച്ചു. താമരശ്ശേരി സ്വദേശിയായ ഒൻപതുവയസ്സുകാരി വ്യാഴാഴ്ചയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചത്. നിലവിൽ ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമായ കുട്ടിയും അന്നശ്ശേരി സ്വദേശിയായ നാല്പതുകാരനും ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വെള്ളത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ (നെഗ്ലേരിയ ഫൗലേരി) തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം (അമീബിക് എൻകെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്തപാളിയിലുള്ള സുഷിരങ്ങൾവഴിയോ കർണപുടത്തിലുണ്ടാകുന്ന സുഷിരങ്ങൾവഴിയോ ആണ് അമീബ തലച്ചോറിലേക്കു കടക്കുന്നത്. അമീബിക് മസ്തിഷ്കജ്വരത്തിന് മരണനിരക്ക് കൂടുതലാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗാണുബാധയുണ്ടായാൽ അഞ്ചുമുതൽ പത്തുദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

മുതിർന്നവരിലെ പ്രധാന ലക്ഷണങ്ങൾ

കടുത്ത തലവേദന , പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട്

കുഞ്ഞുങ്ങളിലെ ലക്ഷണങ്ങൾ

ഭക്ഷണം കഴിക്കാനുള്ള മടി, കളിക്കാനുള്ള മടി, തലവേദന, പനി, ഓക്കാനം, ഛർദി, ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവ രോഗം ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പനിയുമായി ഡോക്ടറെ കാണുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം.

മുൻകരുതൽ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, നീന്തുന്നവർ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, മൂക്കിലോ ചെവിയിലോ ഓപ്പറേഷൻ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കരുത്, കിണർവെള്ളം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, നീന്തൽക്കുളങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കൽ പൂർണമായും ഒഴുക്കിക്കളയുക, സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചുകഴുകുക. പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക, ഫിൽറ്ററുകൾ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍