പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാം,ഹൈക്കോടതി

കൊച്ചി: ദേശീയ പാതയ്ക്ക് സമീപമുള്ള പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാം. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളല്ലെന്ന ഇടക്കാല ഉത്തരവിൽ ഹൈക്കോടതി ഭേദ​ഗതി വരുത്തിയതോടെയാണ് ഇത് സാധ്യമാകുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്കായി തുറന്ന് നൽകണമെന്നും സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിൽ പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പിറപ്പെടുവിച്ചിരുന്നു. പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയാണ് സംഘടന ഹർജി നൽകിയത്. സംസ്ഥാന സർക്കാരായിരുന്നു എതിര്‍കക്ഷി.

ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്കായാണ് പമ്പുകളിൽ ശൗചാലയം പരിപാലിക്കുന്നത്. പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാൻ ശൗചാലയങ്ങൾ തുറന്നുകൊടുത്താൽ പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തെ തന്നെ തടസപ്പെടുത്തുകയും അപകടത്തിലാക്കുകയും ചെയ്യുമെന്ന് ഹർജിക്കാർ വാദിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍