കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു 

കോഴിക്കോട്: കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണു. അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി-അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിർമാണം കിഫ്ബി (KIIFB) ധനസഹായത്തോടെ 23.82 കോടി രൂപ ചെലവിൽ നടന്നുവരികയായിരുന്നു.

നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീം ചെരിഞ്ഞു വീണാണ് അപകടം. പുഴയുടെ മധ്യഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. നിർമ്മാണത്തിലെ പാകപ്പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പാലത്തിന്റെ നിർമ്മാണം പിഎംആർ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പാലം പൂർത്തിയാകുന്നതോടെ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. അപകടത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍