295 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: കാറിൽ കടത്തിക്കൊണ്ടുവന്ന 295 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. നെടുമ്പന മുട്ടക്കാവ് സാബിർ മൻസിലിൽ സാബിർ ആറൂഫ് തങ്ങൾ (39), മുട്ടയ്ക്കാവ് നജ്മ മൻസിലിൽ നജ്മൽ (27) എന്നിവരാണ് അറസ്റ്റിലായത്. 25 ലക്ഷം രൂപയോളം വിലയുള്ള ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ രാസലഹരിവേട്ടയാണിത്.
ബെംഗളൂരുവിൽനിന്ന് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുമ്പോൾ മൈലാപ്പൂര് തൈക്കാവുമുക്കിനു സമീപത്തുവെച്ച് ഡാൻസാഫ് ടീമും പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കുറേ നാളുകളായി ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ഇവർ ലഹരിമരുന്നുമായി എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഈ വാഹനവും കസ്റ്റഡിയിലെടുത്തു.
